തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ പിൻവാതിൽ നിയമനവും അപ്രഖ്യാപിത നിയമന നിരോധനവും ആരോപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. റാങ്ക് ഹോൾഡർമാരുടെ സംഘടനയായ ക്ലർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ആശ്രിത നിയമനവും ഒഴിവുകൾ പൂഴ്ത്തലും ആരോപിച്ചാണ് റാങ്ക് ഹോൾഡർമാർ പ്രതിഷേധിച്ചത്.
എൽ ഡി സി റാങ്ക് പട്ടിക നിലവിൽ വന്ന് ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞിട്ടും കാര്യമായ നിയമനങ്ങൾ നടന്നിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ആശ്രിത നിയമനം 5 % മാത്രമെന്ന കോടതിവിധി സർക്കാർ നടപ്പാക്കുന്നില്ല. നിയമം തെറ്റായി വ്യാഖ്യാനിച്ച് പഞ്ചായത്ത് വകുപ്പിൽ 256 ഒഴിവുകളും സിവിൽ സപ്ലൈസ് വകുപ്പിൽ 32 ഒഴിവുകളും ഒഴിച്ചിട്ടിരിക്കുകയാണ്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ എം എൽ എ ധർണ ഉദ്ഘാടനം ചെയ്തു.