തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തിങ്കളാഴ്‌ച നിയമസഭയിൽ ചോദ്യങ്ങളും ശ്രദ്ധ ക്ഷണിക്കലും ഒഴിവാക്കി മന്ത്രിയെ ബഹിഷ്‌കരിച്ചത്.
സർക്കാരിനെതിരായ കേസിലാണ് ശിവന്‍കുട്ടി വിചാരണ നേരിടാൻ പോകുന്നതെന്നും സംസ്ഥാനത്തെ ഒരു മന്ത്രിക്ക് എതിരെ പബ്ലിക് പ്രോസിക്യൂട്ടർ വാദിക്കേണ്ട അവസ്ഥയാകും വിചാരണ വേളയിൽ കോടതിയിൽ ഉണ്ടാവുകയെന്നും വി ഡി സതീശൻ പറഞ്ഞു.
READ MORE: മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ; രാജി ബാനർ മാറ്റണമെന്ന് സ്‌പീക്കർ
കേസിൽ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും വാച്ച് ആൻ്റ് വാർഡുമാണ് സാക്ഷി പറയേണ്ടത്. മന്ത്രിക്കെതിരെ ഈ സർക്കാർ ഉദ്യോഗസ്ഥർ എങ്ങനെ സാക്ഷി പറയും. മന്ത്രി രാജിവയ്ക്കണമെന്നത് അന്തസ്സിന്‍റെ പ്രശ്‌നമാണ്, ശിവന്‍കുട്ടി രാജിവയ്ക്കണമെന്നത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായി ഈ വിഷയം ഉയർത്തി പ്രതിപക്ഷം സമരം ചെയ്യും. അല്ലാതെ മന്ത്രിയെ ആക്രമിക്കാൻ ഇല്ല. സഭയിൽ അന്ന് വി.ശിവൻകുട്ടി കാട്ടിയത് പോലുള്ള അക്രമങ്ങള്‍ നടത്താന്‍ പ്രതിപക്ഷമില്ലെന്നും വിഡി സതീശൻ പറഞ്ഞു.