തിരുവനന്തപുരം : വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. നിയമസഭ കൈയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.
ചോദ്യോത്തര വേളയിൽ മറുപടി പറയാൻ എഴുന്നേറ്റ മന്ത്രിക്ക് നേരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം സഭയില്‍ അഴിച്ചുവിട്ടത്. രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച യുഡിഎഫ് അംഗങ്ങള്‍ പ്ലക്കാർഡുകളും ബാനറുകളുമുയര്‍ത്തി.
മറുപടി പറയാൻ മന്ത്രി ഓരോ തവണയും എഴുന്നേറ്റപ്പോഴും മുദ്രാവാക്യംവിളി തുടർന്നു. ഇതിനിടെ സഭയിൽ ബാനർ ഉയർത്തി പിടിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ എം.ബി രാജേഷ് രംഗത്തെത്തി.
READ MORE: 'ശിവന്‍കുട്ടി തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളി': എം.എം ഹസന്‍
രാജി ആവശ്യപ്പെട്ടുള്ള ബാനർ പ്രദർശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും നീക്കണമെന്നും സ്പീക്കർ നിര്‍ദേശിച്ചു. നിരോധിത വസ്‌തുക്കൾ സഭയിൽ കൊണ്ടുവരുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ച 2005 ജൂലൈ എട്ടിലെ റൂളിങ്ങിന് എതിരാണ് നടപടിയെന്നും സ്പീക്കർ എംബി രാജേഷ് പറഞ്ഞു.
പനിയെത്തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമാണ് മന്ത്രി നിയമസഭയിലെത്തിയത്. കൈയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി വന്ന ശേഷം തിങ്കളാഴ്‌ചയാണ് അദ്ദേഹം സഭയിലെത്തുന്നതും.