തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയ്‌ക്ക് എതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ കെ റെയിൽ-സിൽവർലൈൻ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. 'വിനാശകരമായ കെ റെയിൽ വേണ്ട കേരളം വേണം' എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സംസ്ഥാന സമര ജാഥയുടെ മഹാസംഗമം സെക്രട്ടേറിയറ്റിന് മുന്നില്‍ പരിസ്ഥിതി പ്രവർത്തക മേധ പട്‌കർ ഉദ്ഘാടനം ചെയ്‌തു. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കിയതിനെക്കാൾ നാശം കെ റെയിൽ കേരളത്തിലുണ്ടാക്കുമെന്ന് മേധ പട്‌കര്‍ പറഞ്ഞു.
പദ്ധതി ജലാശയങ്ങളെയും പ്രകൃതിയെയും നശിപ്പിക്കും. കല്ലിടൽ സർവേയും പൊലീസ് അക്രമവും ഞെട്ടിപ്പിച്ചു. പ്രകൃതി സംരക്ഷണ പോരാട്ടങ്ങളിൽ സിപിഎം എന്നും ഒപ്പമുണ്ടായിരുന്നു, എന്നാൽ അവർ ഇപ്പോൾ കെ റെയിലിനെ പിന്തുണയ്ക്കുന്നു. ജനകീയ സമരം നടക്കുമ്പോൾ മുഖ്യമന്ത്രി മൗനം വെടിയണം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തുന്നതിനിടെ എംപിമാർക്ക് മർദനമേറ്റ സംഭവം പ്രതിഷേധാർഹമാണെന്നും മേധാ പട്‌കര്‍ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ എം.എം ഹസൻ അടക്കമുള്ള മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.