തിരുവനന്തപുരം: രാജ്യവ്യാപക കല്‍ക്കരി ക്ഷാമത്തില്‍ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തിന് വൈദ്യുതി നല്‍കുന്ന താപ വൈദ്യുതി നിലയങ്ങളില്‍ പത്തു ദിവസത്തില്‍ താഴെ മാത്രമുള്ള കല്‍ക്കരി ശേഖരമാണുള്ളതെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. വ്യാഴാഴ്‌ച മാത്രം കല്‍ക്കരി പ്രതിസന്ധി കാരണം 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്.
രണ്ട് ദിവസത്തില്‍ പ്രശ്നം തീരുമെന്ന് പ്രതീക്ഷ
സംസ്ഥാനത്തിന് പ്രധാനമായും വൈദ്യുതി നല്‍കുന്ന താപ നിലയങ്ങളായ രാമഗുണ്ടം, താല്‍ച്ചര്‍ നിലയങ്ങളിൽ കൽക്കരി പ്രതിസന്ധിയുണ്ടെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തിന് വൈദ്യുതി നല്‍കുന്ന പത്തോളം താപ വൈദ്യുതി നിലയങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നം തീരുമെന്ന പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്.
വൈദ്യുതി ഉപയോഗം കുറക്കണമെന്ന് ബോർഡ്
ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈകിട്ട് 6.45 മുതല്‍ രാത്രി 9 വരെ ഉപഭോക്താക്കള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നാണ് കെ.എസ്.ഇ.ബി.യുടെ അഭ്യര്‍ഥന. പരമാവധി വൈദ്യുതി ഉപകരണങ്ങള്‍ പകല്‍ പ്രവര്‍ത്തിപ്പിക്കണമെന്നും വൈദ്യുതി ബോര്‍ഡ് ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ലോഡ് ഷെഡിംഗ് ആലോചനയിലില്ലെന്ന് വൈദ്യുതി ബോർഡ്
മഴയുണ്ടായാല്‍ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും അതു വഴി നിലവിലെ പ്രതിസന്ധി പരിഹരിക്കാമെന്നുമാണ് കെ.എസ്.ഇ.ബിയുടെ കണക്കു കൂട്ടല്‍. സംസ്ഥാനത്ത് പ്രതിദിനം 3620 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടി വരുന്നത്. വ്യാഴാഴ്‌ച സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 59.96 ദശലക്ഷം യൂണിറ്റാണ്.
ജല വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഉത്പാദനം 7.70 ദശലക്ഷം യൂണിറ്റാണ്. അതേ സമയം സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെങ്കിലും ലോഡ് ഷെഡിംഗ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ആലോചനയിലില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
ALSO READ: മോൻസൺ മാവുങ്കലിന്‍റെ പൊലീസ് ബന്ധത്തിൽ സൂചന നൽകി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം