തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും ക്വാറന്‍റൈനില്‍ കഴിയുന്നവർക്കുമുള്ള തപാൽ വോട്ട് ഇന്ന് മുതൽ. ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ്. ആരോഗ്യ വകുപ്പിന്‍റെ സഹായത്തോടെ തയാറാക്കിയ സ്പെഷ്യൽ വോട്ടർ പട്ടിക അനുസരിച്ച് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി വാങ്ങും. പോളിങ് ഓഫീസർ അടക്കം നാല് പേർ ഉൾപ്പെടുന്ന സ്പെഷ്യൽ പോളിങ് ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തപാൽ വോട്ടിനുള്ള അപേക്ഷ ഫോം, സത്യവാങ്മൂലം, ബാലറ്റ് പേപ്പർ എന്നിവ രോഗിയുടെയും ക്വാറന്‍റൈനിലുള്ളവരുടെയും അടുത്തെത്തിക്കും. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കവറിൽ ഇട്ട് ഒട്ടിച്ച ശേഷം ഉദ്യോഗസ്ഥർക്ക് തിരികെ നൽകണം.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ പ്രത്യേകം പ്രത്യേകം കവറുകളിലിടണം. കവറുകളും ഉദ്യോഗസ്ഥർ നൽകും. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് നൽകാൻ താൽപര്യമില്ലെങ്കിൽ തപാൽ മാർഗമോ ബന്ധുക്കൾ വഴിയോ റിട്ടേണിങ് ഓഫീസർക്ക് അയക്കാം. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തേണ്ട ആളുടെ പേരിനു നേരെയുള്ള കോളത്തിൽ ഗുണന ചിഹ്നമോ, ശരി അടയാളമോ ഇടണം. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരികെ നൽകുമ്പോൾ ഉദ്യോഗസ്ഥർ രസീതും നൽകും. ഇന്നലെ വരെ 29,972 പേരാണ് സ്പെഷ്യൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 9837 കൊവിഡ് രോഗികളും 20135 പേർ ക്വാറന്‍റൈനില്‍ കഴിയുന്നവരുമാണ്. വോട്ടെടുപ്പിന്‍റെ തലേന്ന് മൂന്ന് മണി വരെ ഈ സൗകര്യം ലഭിക്കും.