തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ കള്ളവോട്ട് നടക്കുന്നതായി ആരോപണം. അസോസിേയഷന്‍റെ പേരില്‍ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിച്ച ശേഷം കൂട്ടത്തോടെ വോട്ട് ചെയ്തതായുള്ള തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. പോസ്റ്റൽ വോട്ട് സംബന്ധിച്ച് ഡിജിപി നൽകിയ നിർദ്ദേശം കാറ്റിൽ പറത്തിയാണ് അസോസിയേഷന്‍റെ നടപടി. കള്ളവോട്ട് തെളിയിക്കുന്ന ശബ്ദരേഖയും പുറത്തായിട്ടുണ്ട്. പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സി.ഐ റാങ്കിലുള്ള ഒരു സംഘടന നേതാവിന്‍റെ സംഭാഷണമാണ് പുറത്തുവന്നത്.
വോട്ടുചെയ്ത പേപ്പറുകൾ വാങ്ങുകയോ തുടർനടപടിക്കായി ഇടപെടുകയോ ചെയ്യരുതെന്നും വോട്ടർ നേരിട്ട് തന്നെ ഇത് റിട്ടേണിങ് ഓഫീസർക്ക് കൈമാറണമെന്നും ശബ്ദത്തില്‍ പറയുന്നു. ഇത് ഡിജിപി നല്‍കിയ ചട്ടത്തിന് വിരുദ്ധമാണ്. സംഭവം ശ്രദ്ധയില്‍ പെട്ടന്നും ഇന്‍റലിജൻസ് മേധാവി അന്വേഷണം നടത്തുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. എന്നാല്‍ ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.
പൊലീസിൽ സിപിഎം നേതൃത്വത്തിലുള്ള അസോസിയേഷൻ ഇത്തരത്തിൽ ക്രമക്കേട് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. അന്ന് ആരോപണത്തിൽ കഴമ്പില്ലെന്ന് കാട്ടിയാണ് ഡിജിപി പരാതി തള്ളിയത്. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അസോസിയേഷൻ വ്യക്തമാക്കി.