തിരുവനന്തപുരം: അമ്പതോളം കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് പിടിയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശിയായ അബുത്താലിബ് (30) ആണ് വര്‍ക്കല പൊലീസിന്‍റെ പിടിയിലായത്. കൊല്ലം- തിരുവനന്തപുരം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. വധശ്രമം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം, ഭവന ഭേദനം, കവര്‍ച്ച, പിടിച്ചുപറി, മാലപൊട്ടിയ്ക്കല്‍, വാഹനമോഷണം എന്നിങ്ങനെയായി അമ്പതോളം കേസുകളില്‍ ഇയാൾ പ്രതിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി പൊലീസിനെ കബളിപ്പിച്ച് ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു.
പോക്സോ കേസുകളിലടക്കം പ്രതിയായ ഇയാൾ കോടതിയില്‍ ഹാജരാകാതെ ഒളിച്ച് നടന്നതിന് 35 ഓളം വാറണ്ടുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.അശോകന്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തത്. ആറ്റിങ്ങല്‍ ഡിവൈഎസ്‌പി കെ.എ വിദ്യാധരന്റെ നേതൃത്വത്തില്‍ വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാര്‍, എസ്.ഐ ശ്യാം.എം.ജി, എ.എസ്.ഐ ഷാബു, നവാസ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.