തിരുവനന്തപുരം: വിവാദങ്ങളുടെ പേരിൽ ഒരു തീരുമാനവും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരിൽ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിവാര ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിലാണ് സ്‌പ്രിംഗ്ലര്‍ അടക്കമുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.
മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് പലപ്പോഴും വിവാദങ്ങൾ ഉയർത്താൻ ഇട നൽകുന്നത്. വിവാദങ്ങൾ ഉയർത്തി ഇവ കളഞ്ഞു കുളിക്കരുത്. ഇതിനൊക്കെ വഴങ്ങി സർക്കാർ നിലപാടുകൾ മാറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ വ്യവസായികൾ അവരുടെ മനസിൽ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങൾ പരസ്യമായി ഉയർത്തിയാൽ അതിന്‍റെ പേരിൽ ഒരു പദ്ധതിയും ഉപേക്ഷിക്കില്ല. ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്കുണ്ടെന്ന് വിവാദങ്ങൾ ഉണ്ടാക്കുന്നവർ മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിൽ ചില നടപടികൾ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏതു സമയത്ത് ആളുകൾ വന്നാലും സംസ്ഥാനത്ത് അവരെ സ്വീകരിക്കുന്നതിനുള്ള സജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിനനുസരിച്ച് സംസ്ഥാനങ്ങളെ സഹായിക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല. അത് നിർഭാഗ്യകരമാണ്. ഫലപ്രദമായ തിരുത്തൽ നടപടി കേന്ദ്രത്തില്‍ നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.