തിരുവനന്തപുരം: നെടുമങ്ങാട്, കാക്കോട് പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷം. കാക്കോട്, പൂവത്തൂർ, പള്ളിവിള തുടങ്ങിയ പ്രദേശങ്ങളിലാണ് പന്നി കൂട്ടത്തിന്‍റെ ശല്ല്യം രൂക്ഷമായിരിക്കുന്നത്. ജനവാസം കുറവുള്ള വിജനമായ സ്ഥലങ്ങളിൽ തമ്പടിക്കുന്ന പന്നികള്‍ കൃഷിയിടങ്ങളും നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തില്‍ പ്രതീജ റെജി എന്ന വീട്ടമ്മയ്‌ക്ക് പരിക്കേറ്റിരുന്നു. വൈകുന്നേരം കടയിൽ നിന്ന് സാധനം വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ഒറ്റതിരിഞ്ഞ് വരുന്ന പന്നികളാണ് പലപ്പോഴും ആക്രമണം നടത്തുന്നത്. ഇതോടെ കുട്ടികളുമായി വഴിനടക്കാന്‍ പോലും ആളുകള്‍ ഭയപ്പെടുകയാണ്. പന്നികളുടെ ആവാസത്തിന് യോജിച്ച ചതുപ്പുനിലങ്ങൾ കൂടുതലുള്ള സ്ഥലമാണ് കാക്കോട്. അധികൃതർ ഇടപെട്ട് പന്നി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.