തിരുവനന്തപുരം: രോഗികളുടെ അറിവോടും സമ്മതത്തോടും അവരുടെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. എന്നാല്‍ ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപദിഷ്ടമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്നത് ഹീനമായ കുറ്റകൃത്യമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത്. ഏതെങ്കിലും സന്ദര്‍ഭത്തില്‍ രോഗികളുടെ സമ്മതമില്ലാതെ ബലമായി ഫോണ്‍ രേഖ ശേഖരിച്ചതായി തോന്നുന്നില്ല. രോഗികളുടെ സമ്മതത്തോടെ രോഗം തടയുന്നതിനും മറ്റുള്ളവരില്‍ പടരാതിരിക്കുന്നതിനും ഇങ്ങനെ ചെയ്യുന്നതില്‍ അപകടമില്ലെന്നും ഇ.ടി.വി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ ജേക്കബ് പുന്നൂസ് പറഞ്ഞു.
എന്നാല്‍ ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഭാവിയില്‍ മറ്റൊരു കാര്യത്തിനും പൊലീസ് ഉപയോഗിക്കാന്‍ പാടില്ല. ഏതെങ്കിലും കേസില്‍ തെളിവായിട്ടോ സാക്ഷിയായിട്ടോ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനോ പൊലീസ് ഉപയോഗിക്കുന്നത് തെറ്റാണ്. രോഗ വ്യാപനം കുതിച്ചുയരുമ്പോള്‍ ഓരോ രോഗിയുടെയും സഞ്ചാരപഥം കണ്ടെത്തുക എന്നത് ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് അസാധ്യമാണ്. അതു കൊണ്ട് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്ന നടപടിയാണ് പൊലീസ് ചെയ്യുന്നതെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു. രോഗികളുടെ ഫോണ്‍ വിരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പൊലീസിന് അധികാരം നല്‍കിയ പശ്ചാത്തലത്തിലായിരുന്നു മുന്‍ പൊലീസ് മേധാവിയുടെ പ്രതികരണം.