തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്‌ടര്‍മാര്‍ പ്രതിഷേധ സമരത്തിന്‍റെ തീവ്രത കുറച്ചു. അടിയന്തര ചികിത്സാ ഡ്യൂട്ടിക്ക് ഇന്ന് പിജി ഡോകടര്‍മാര്‍ കയറും. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് പിജി ഡോക്‌ടര്‍മാരുടെ സംഘടന അറിയിച്ചു.
ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളില്‍ ഇന്ന് മുതല്‍ പിജി ഡോക്‌ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചു. എമര്‍ജന്‍സി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കുമെന്ന് പിജി ഡോക്‌ടര്‍മാരുടെ അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ മറ്റ് ഡ്യൂട്ടികള്‍ ഒഴിവാക്കിയുളള പ്രതിഷേധം തുടരും. ആരോഗ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലെ പുരോഗതി കണക്കിലെടുത്താണ് സമരം മയപ്പെടുത്തുന്നത്.
ഇന്നലെ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ ചര്‍ച്ച ഇന്ന് നടക്കും. ആരോഗ്യവകുപ്പിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ചര്‍ച്ച നടത്തുക. സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ നോണ്‍ അക്കാദമിക്ക് റസിഡന്‍റ് ഡോക്‌ടർമാരെ നിയമിക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തല ചര്‍ച്ച.
ALSO READ: ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി: രേഖാമൂലം ഉറപ്പു ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ
റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നു. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കും.
സ്‌റ്റൈപെന്‍ഡ് 4 ശതമാനം വര്‍ധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യര്‍ഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പുമന്ത്രിയോട് സംസാരിക്കും.
കൂടുതല്‍ നോണ്‍ റസിഡന്‍റ് ജൂനിയര്‍ ഡോക്‌ടര്‍മാരെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ രേഖാമൂലം വ്യക്തത വരുന്നതുവരെ സമരം തുടരാനാണ് നിലവിലെ തീരുമാനം.