തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ കെഎസ്ആർടിസിക്ക് 30 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി ഗതാഗത മന്ത്രി ആന്‍റണി രാജു. കല്ലേറിൽ സംസ്ഥാനത്താകെ 70 ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സൗത്ത് സോണിൽ 30 ബസുകൾക്കും സെൻട്രൽ സോണിൽ 25 ബസുകൾക്കും നോർത്ത് സോണിൽ 15 ബസുകൾക്കുമാണ് കല്ലേറിൽ കേടുപാടുകൾ ഉണ്ടായത്.
ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇതിൽ 8 ഡ്രൈവർമാർ, 1 കണ്ടക്‌ടർ, 1 വനിത യാത്രക്കാരി എന്നിവർ ഉൾപ്പെടുന്നു. കുറ്റക്കാർക്കെതിരെ പൊലീസ് പിഡിപിപി ആക്‌ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഇതിന് പുറമെ നഷ്‌ടം നികത്താൻ മാനേജ്മെന്‍റ് പ്രത്യേക നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സർവിസ് മുടങ്ങിയത് മൂലമുണ്ടായ നഷ്‌ടത്തിന്‍റെ കണക്ക് ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കും. അതേസമയം ഹർത്താൽ ദിനത്തിൽ സാധാരണയെക്കാളും 60 ശതമാനം മുകളിലാണ് കെഎസ്ആർടിസി സർവീസ് നടത്തിയത്. 2439 സർവീസുകളാണ് ഇന്ന് ഉണ്ടായിരുന്നത്. സൗത്ത് സോണിൽ 1228 സർവീസും സെൻട്രൽ സോണിൽ 781 സർവീസും നോർത്ത് സോണിൽ 370 സർവീസുകളുമാണ് ഇന്ന് ഉണ്ടായിരുന്നത്.
ഹർത്താൽ ദിനത്തിൽ സർവീസ് നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഹർത്താൽ എന്ന് കേൾക്കുമ്പോൾ സർവീസ് നിർത്തിവയ്ക്കുന്ന സമീപനമാണ് ഇതുവരെ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ആ പ്രവണതയ്ക്ക് മാറ്റം കുറിക്കുകയാണ് ചെയ്‌തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.