തിരുവനന്തപുരം: പേട്ട റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വച്ച് യാത്രക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കടകംപള്ളി സ്വദേശി പ്രദീപിന് ജീവപര്യന്തം തടവും 55,000 രൂപ പിഴയും. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 324 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2016 മാർച്ച് 17നാണ് കേസിനാസ്‌പദമായ സംഭവം. മാര്‍ച്ച് 17ന് രാത്രി 9.20 മണിയോടെ പേട്ട റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോയ യാത്രക്കാരെ പ്രതി അസഭ്യം പറയുകയും ഇക്കാര്യം ചോദ്യം ചെയ്‌ത ബിനുവിനെ പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇടത് കൈമുട്ടിൽ നിരവധി തവണ കുത്തിയതിന് ശേഷം നെഞ്ചിലും വയറിലും ആഴത്തിൽ കുത്തി പരിക്കേല്‍പ്പിച്ചു.
Also read: കാസര്‍കോട് ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു : ഒരാള്‍ അറസ്റ്റില്‍
കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. രക്തം വാർന്ന് കിടന്ന ബിനുവിനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേട്ട പൊലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കി 2016 മെയ് 31ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പേട്ട റെയിൽവേ സ്റ്റേഷന്‍ കാന്‍റീന്‍ ജീവനക്കാരനായ രണ്ടാം സാക്ഷി വിനോദിൻ്റെ മൊഴിയാണ് കേസില്‍ നിർണായകമായത്.