തിരുവനന്തപുരം : പേട്ടയിൽ മകളുടെ സുഹൃത്തായ യുവാവിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തിലെ പെൺകുട്ടിയെ ഇന്ന് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന യുവാവിന്‍റെ കുടുംബത്തിൻ്റെ സംശയം പ്രാഥമിക അന്വേഷണത്തിൽ തള്ളുകയാണ് പൊലീസ്. അതേസമയം ഇക്കാര്യത്തിലും വ്യക്തത വരുത്തുമെന്ന് അന്വേഷണ ചുമതലയുള്ള പേട്ട സിഐ റിയാസ് രാജയും അസിസ്റ്റൻ്റ് കമ്മിഷണർ ഡി കെ പൃഥ്വിരാജും പറഞ്ഞു.
കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്ന പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. പെൺകുട്ടിയുടെയും മരിച്ച അനീഷ് ജോർജിന്‍റെയും കുടുംബങ്ങൾ മുൻപരിചയമുള്ളവരാണ്. ഒരു കിലോമീറ്ററിൽ താഴെ വ്യത്യാസത്തിലാണ് ഇരുവരുടെയും വീടുകൾ. പെൺകുട്ടിയും യുവാവും തമ്മിലുള്ള സൗഹൃദം സംബന്ധിച്ച് പെൺകുട്ടിയുടെ പിതാവായ പ്രതി സൈമൺ ലാലന് അറിവുണ്ടായിരുന്നു.
സൈമണിന് ഇതിൻ്റെ പകയുണ്ടായിരുന്നു. വീടിൻ്റെ മുകൾനിലയിലെ മുറി ചവിട്ടിത്തുറന്നാണ് സൈമൺ ലാലൻ പ്രവേശിച്ചത്. തുടർന്ന് വാക്കുതർക്കവും പിടിവലിയുമുണ്ടായി. അനീഷ് ജോർജിനെ തിരിച്ചറിഞ്ഞ് തന്നെയാണ് സൈമണ്‍ കുത്തിയത്. ശരീരത്തിൻ്റെ നെഞ്ചിലും പിന്നിലും അനീഷിന് കുത്തേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തെ വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടേതല്ലാത്ത വിരലടയാളങ്ങൾ കണ്ടെത്തിയാലേ പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം തെളിയിക്കാനാവൂ. ഇതിന് സാധ്യതയില്ലെങ്കിലും പഴുതടച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ബുധനാഴ്‌ച പുലർച്ചെ മൂന്നരയോടെയാണ് സൈമൺ ലാലൻ്റെ പേട്ട ചായക്കുടി ലെയിനിലെ വീടിൻ്റെ മുകൾനിലയിൽ അനീഷ് ജോർജ് കുത്തേറ്റ് മരിച്ചത്. കുത്തിയശേഷം പ്രതി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം ധരിപ്പിക്കുകയായിരുന്നു. നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വർഷം ബികോം വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട അനീഷ് ജോർജ്.