തിരുവനന്തപുരം : മതവിദ്വേഷ പ്രസംഗത്തില്‍ പി.സി ജോർജിന് ജാമ്യം അനുവദിച്ചത് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് കണക്കിലെടുത്ത്. ഒരു മുൻ എംഎൽഎ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യേണ്ടതെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതിക്ക് കഴിയുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്ന കാരണം മാത്രമേ റിപ്പോർട്ടിലുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചാൽ ഇത് തടയാനാകും. ഇക്കാരണത്താൽ ജാമ്യം അനുവദിക്കുന്നുവെന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നത്.
Also read: പ്രസ്‌താവനയില്‍ ഉറച്ചുനിൽക്കുന്നുവെന്ന് പി.സി ജോര്‍ജ് ; കരിങ്കൊടി കാട്ടി എഐവൈഎഫ്
2022 ഏപ്രിൽ 29ന് പി.സി ജോർജ് നടത്തി എന്ന് പറയുന്ന പരാമർശങ്ങൾ ഗൗരവമുള്ളതാണ്. എന്നാൽ ഇത്തരത്തിൽ മുൻപും പരാമർശങ്ങൾ നടത്തിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നില്ല. ഇക്കാരണത്താൽ പ്രതിയുടെ പ്രായവും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതുപോലെ പ്രതിയുടെ ജീവന് ജയിലിനകത്ത് ഭീഷണിയുണ്ടെന്ന കാര്യവും പരിഗണിച്ച് ജാമ്യം അനുവദിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു.
പി.സി ജോർജിനെ അറസ്റ്റ് ചെയ്‌ത ദിവസം തന്നെ റിമാൻഡ് ചെയ്യാതെ ജാമ്യം അനുവദിച്ചതിൽ വിവാദം പടരുമ്പോഴാണ് പൊലീസിന്‍റെ വീഴ്‌ച ചൂണ്ടിക്കാട്ടുന്ന ഉത്തരവ് പുറത്തുവരുന്നത്. അതേസമയം, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സർക്കാർ നാളെ സമർപ്പിക്കും. ഏപ്രിൽ 29ന് അനന്തപുരി ഹിന്ദുസമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗത്തെ തുടര്‍ന്നാണ് പി.സി ജോര്‍ജ് അറസ്റ്റിലായത്. മെയ് ഒന്നിന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയാണ് പൊലീസ് പി.സി ജോർജിനെ അറസ്റ്റ് ചെയ്‌തത്.