തിരുവനന്തപുരം: ആരാധാനാലയങ്ങളും മത സ്ഥാപനങ്ങളും ജൂണ്‍ എട്ടിന് തുറക്കാമെന്ന കേന്ദ്രത്തിന്‍റെ പ്രഖ്യാപനത്തില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ എട്ടിന് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് മെയ് 30ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാധനാലയങ്ങളില്‍ വലിയ ആള്‍ക്കൂട്ടം അനുവദിക്കാനാകില്ലെന്ന് ഇന്ന് മത മേലധ്യക്ഷന്‍മാരുമായും മതസംഘടനാ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ആരാധനാലയങ്ങളില്‍ പഴയ നില പുനഃസ്ഥാപിച്ചാല്‍ രോഗ വ്യാപനം ഉണ്ടാകുമെന്ന സര്‍ക്കാര്‍ നിലപാടിനോട് എല്ലാവരും യോജിച്ചു. മൂന്ന് മത വിഭാഗങ്ങളുമായി വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. ആരാധനാലയങ്ങളില്‍ വരുന്നവരില്‍ കൂടുതല്‍ പേരും മുതിര്‍ന്ന പൗരന്‍മാരും മറ്റ് രോഗങ്ങളുള്ളവരുമാണ്. ഇവര്‍ ആരാധനാലയങ്ങളിലെത്തുന്നത് അപകടകരമാണ്. ഇവര്‍ക്ക് കൊവിഡ് രോഗം പെട്ടെന്ന് പിടിപെടും. പിടിപെട്ടാല്‍ സുഖപ്പെടുത്താനുമാകില്ല. ഈ വിഭാഗം ആളുകളുടെ കാര്യത്തില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് മതനേതാക്കള്‍ യോജിച്ചു. എന്തു കൊണ്ട് ആരാധനാലയങ്ങള്‍ തുറന്നില്ലെന്ന ചിലരുടെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെയാണന്ന് കരുതുന്നില്ല. ആരാധനലായങ്ങള്‍ അടച്ചിട്ടത് വിശ്വാസികളില്‍ വലിയ പ്രയാസം ഉണ്ടാക്കിയെങ്കിലും സമൂഹ നന്മ മുന്‍നിര്‍ത്തി എല്ലാവരും സഹകരിച്ചു. ഈ മാസം നടക്കുന്ന കൊട്ടിയൂര്‍ ഉത്സവത്തിന് ആള്‍ക്കൂട്ടം ഒഴിവാക്കി ചടങ്ങുകള്‍ മാത്രം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.