തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനം. വിജിലന്‍സ് ഡയറക്‌ടര്‍ അനില്‍കാന്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേസിന്‍റെ അന്വേഷണ പുരോഗതി യോഗം വിലയിരുത്തി. വിശദമായി ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളില്‍ തീരുമാനമുണ്ടാകും. അറസ്റ്റിനു മുമ്പ് വിജിലന്‍സ് നിയമോപദേശവും തേടും. റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമദ് ഹനീഷിനേയും ചോദ്യം ചെയ്യും.
അതിനിടെ അറസ്റ്റ് ചെയ്‌തേക്കാമെന്ന വാർത്തകള്‍ക്ക് പിന്നാലെ ഇബ്രാഹിംകുഞ്ഞിന്‍റെ മൊബൈലുകള്‍ സ്വിച്ച് ഓഫായി. ഈ സമയത്ത് ആലുവയിലായിരുന്നു അദ്ദേഹം. നിര്‍മാണക്കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിന് മേലുള്ള കുരുക്ക് മുറുകിയത്.
പാലാരിവട്ടം അഴിമതി : ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും, ഒളിയമ്പുമായി മുഖ്യമന്ത്രിയും ഇതിനിടെ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോകുകയാണ്. മര്യാദയ്‌ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്‍റെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രിയുടെ പ്രസ്താവന.അതേസമയം പാലാരിവട്ടം അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി ബിഡിജെഎസ് രംഗത്തെത്തി. ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് പാലത്തിന്റെ തകരാര്‍ കണ്ടെത്തിയിരുന്നു, അതറിഞ്ഞ് തന്നെയാണ് സർക്കാർ പാലം ഉദ്ഘാടനം ചെയ്തതെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ആരോപിച്ചു.നിര്‍മാണ ചിലവിനുള്ള 40 ശതമാനം തുക കരാറുകാരന് കൈമാറിയത് നിലവിലെ സർക്കാരാണെന്നും ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു. പുനർനിർമ്മാണത്തിന് വരുന്ന ചിലവ് സംസ്ഥാന ഖജനാവിൽ നിന്നും എടുക്കാതെ കുറ്റം ചെയ്‌തവരില്‍ നിന്നും ഈടാക്കണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു. നിർമാണ കരാർ അനുസരിച്ച് മൂന്ന് വർഷത്തിനകം പാലം അപകടത്തിലായാൽ നഷ്‌ടപരിഹാരം കരാർ കമ്പനിയിൽനിന്ന് ഈടാക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് ബിഡിജെഎസ്.