തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സംസ്ഥാനത്ത് പൊതുഗതാഗതം പലയിടത്തും മുടങ്ങിയിരിക്കുകയാണ്. ഇതോടെ സ്വന്തം വാഹനങ്ങളെയാണ് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത്. എന്നാല്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നതോടെ സാധാരണക്കാര്‍ പ്രതിസന്ധിയിലായി. ദിവസം വലിയൊരു തുക തന്നെ ഇന്ധന ചിലവിനായി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണെന്ന് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ സുരേഷ് പറയുന്നു. ലോക്ക് ഡൗണിന് ശേഷം സുരേഷിനെപ്പോലെ പല തൊഴിലാളികളും സ്വന്തം വാഹനത്തിലാണ് ജോലിക്കു പോകുന്നതും വരുന്നതും. ഇതാണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത്.
സ്വന്തം വാഹനമില്ലാത്ത അത്യാവശ്യക്കാർ ഓട്ടോറിക്ഷകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. അതേസമയം ഓട്ടം കുറവാണെന്ന് ഓട്ടോത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ഭീതിയെ തുടർന്ന് ഓട്ടോയിൽ കയറാൻ ആളുകൾ ഭയക്കുന്നതായാണ് ഇവർ പറയുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്തെ ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ ബിജു പറഞ്ഞു. കണ്ടെയ്‌ൻമെന്‍റ് സോൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നാല്‍പ്പത് ശതമാനം വാഹനങ്ങൾ മാത്രമാണ് നഗരത്തിലോടുന്നതെന്ന് തിരുവനന്തപുരം ആർടിഒ കെ. പദ്മകുമാർ പറഞ്ഞു. ഇതാണ് ഇന്ധനത്തിന് ആവശ്യക്കാര്‍ കുറയാണൻ കാരണമാകുന്നത്.