തിരുവനന്തപുരം: നാല് വർഷമായി ശമ്പള പരിഷ്കരണമോ അലവൻസുകളോ നൽകാത്ത കെ.എസ്.ആർ.ടി.സിയിൽ സാലറി കട്ട് നടപ്പാക്കരുതെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കൃത്യമായി ശമ്പളം ലഭിക്കാത്ത കെ.എസ്.ആർ.ടി.സി.യിൽ സാലറികട്ട് നടപ്പാക്കുന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കുമെന്നാണ് ആക്ഷേപം. 2011ലാണ് കെ.എസ്.ആർ.ടി.സിയിൽ അവസാനായി ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും അതിനും ശേഷം മൂന്ന് തവണ ശമ്പള പരിഷ്കരണമുണ്ടായി. 2016 ജൂലൈ വരെയുള്ള ക്ഷാമബത്തയാണ് കെ.എസ്.ആർ.ടി.സിയിൽ നൽകിയത്. 2017 ജനുവരി മുതൽ 2019 ജൂലൈ വരെയുള്ള ക്ഷാമബത്ത കുടിശികയാണ്. ഇതു കൂടാതെ യൂണിഫോം, ഷൂസ് തുടങ്ങിയ അലവൻസുകളും 2016 മുതൽ കെ.എസ്.ആർ.ടി.സിയിൽ നൽകുന്നില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ സാലറി കട്ടിൽ പങ്കെടുക്കാനാകില്ലെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ വ്യക്തമാക്കി.