തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 9 പേർ മരിക്കാനിടയുണ്ടായ സാഹചര്യത്തില്‍ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതിയിൽ നിന്നും മാറണം. നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അപകടമുണ്ടാക്കിയ ടൂറിസ്‌റ്റ് ബസിനെതിരെ നിയമ ലംഘനത്തിന് നേരത്തെയും കേസുകളുണ്ട്. നിരോധിച്ച ലൈറ്റുകളും വലിയ ശബ്‌ദ വിന്യാസവും എയർ ഹോണുകളുമൊക്കെയായി ടൂറിസ്‌റ്റ് ബസുകൾ നിരത്തുകളിൽ ചീറി പായുകയാണ്. ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ടത്.
Also Read: ബസപകടം: അന്വേഷണം സ്കൂളിനെതിരെയും, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ മേല്‍നോട്ടം വഹിക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകളുടെ സീസൺ ആയതിനാൽ ടൂറിസ്‌റ്റ് ബസുകളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് പരിശോധനകൾ കർശനമാക്കണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്‌കൂളുകളും ശ്രദ്ധിക്കണം. മോട്ടോർ വാഹന വകുപ്പിന്‍റെ എല്ലാ പരിശോധനകളും പൂർത്തിയായ വാഹനങ്ങളാണ് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.