തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സർക്കാർ ഒന്നും ചെയ്യാതെ നിസംഗമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ സമൂഹ വ്യാപനം നടക്കുമ്പോൾ ആരോഗ്യവകുപ്പ് നിശ്ചലമായിരിക്കുകയാണ്.
ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഒരു റോളും ഇല്ല. ഇപ്പോൾ നടക്കുന്ന അതിരൂക്ഷ വ്യാപനം നേരിടാൻ ഒരു മാർഗനിർദേശം പോലും സംസ്ഥാനത്തില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. കൊവിഡ് ഗുരുതരമായാൽ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സർക്കാർ കുറ്റകരമായ നിസംഗതയാണ് ഇക്കാര്യത്തിൽ പുലർത്തുന്നതെന്നും സതീശൻ ആരോപിച്ചു.
ഒന്നും രണ്ടും തരംഗത്തിലെന്ന പോലെ ഒരു നടപടിയും ഇല്ല. സർക്കാർ ഗൗരവമായി എടുക്കാത്തതു കൊണ്ട് ജനങ്ങള്‍ കൊവിഡിനെ നിസാരമായി കാണുകയാണ്. ഇത് ഗുരുതരമായ അവസ്ഥയുണ്ടാക്കും. ജനങ്ങളുടെ ജീവനല്ല സിപിഎമ്മിൻ്റെ മുൻഗണന സമ്മേളനങ്ങൾക്കാണ്.
Also read: സെക്രട്ടേറിയറ്റിലെ ഗുരുതര സാഹചര്യം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
യുഡിഎഫ് എല്ലാ സമരവും മാറ്റിവച്ചു. എന്നാൽ സിപിഎം തിരുവാതിരക്കളിയുമായി മുന്നോട്ട് പോകുകയാണ്, വ്യാപകമായി സമ്മേളനം നടത്തി ആളെ കൂട്ടുകയാണ്. മരണത്തിൻ്റെ വ്യാപാരികൾ ആരാണെന്ന് ജനത്തിന് മനസിലാകും.
പാവപ്പെട്ടവൻ്റെ കല്യാണത്തിനും മരണത്തിനും 50 പേർ. സമ്മേളനത്തിൽ 150ലധികം പേർ. ഇത് ഇരട്ട നീതിയാണ്. സിപിഎമ്മിന് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതിയാണ്. സിപിഎം സമ്മേളനങ്ങൾ നടത്തി കൊവിഡ് വ്യാപിപ്പിക്കുകയാണെന്നും സതീശൻ ആരോപിച്ചു.