തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കായി നിയമവിരുദ്ധമായി സർവേ കല്ലുകള്‍ സ്ഥാപിച്ചാൽ അത് പിഴുത് എറിയുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയിൽ എന്നെഴുതി കല്ലിടരുതെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി കല്ലിടൽ തുടർന്നാൽ പിഴുത് എറിയും. ഇതാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പറഞ്ഞത്.
പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യങ്ങൾക്കും മുഖ്യമന്ത്രിയോ സർക്കാരോ മറുപടി പറഞ്ഞിട്ടില്ല. ഈ പദ്ധതി എങ്ങനെ യാഥാർഥ്യമാക്കുമെന്ന് സർക്കാരിനറിയില്ല. തട്ടിക്കൂട്ട് ഡിപിആറുമായാണ് മുന്നോട്ടുപോകുന്നത്. മധ്യകേരളത്തിലെ പ്രകൃതിവിഭവം ഉപയോഗിച്ച് പദ്ധതി പൂര്‍ത്തീകരിക്കും എന്നാണ് പറയുന്നത്. എന്നാൽ ഇത് പ്രായോഗികമല്ല.
വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പാറ പോലും ഇതുവരെ ലഭ്യമായിട്ടില്ല. ഇതിന്‍റെ എത്രയോ ഇരട്ടിയാണ് കെ റെയിലിന് ആവശ്യമായി വരുന്നത്. കമ്മിഷൻ തട്ടാൻ വേണ്ടി മാത്രമാണ് ഇത്തരമൊരു പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.