തിരുവനന്തപുരം: തുടർച്ചയായി നിയമസഭ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ റൂൾസ് ഓഫ് പ്രൊസീജർ പരിശോധിച്ച് നടപടി ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തുടർച്ചയായി സഭയിൽ അൻവർ എത്താത്തതിൽ സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആരോഗ്യ കാരണങ്ങളാൽ നിയമസഭ സമ്മേളനങ്ങളിൽ ഹാജരാകാൻ കഴിയാത്തത് അംഗീകരിക്കാം. എന്നാൽ ബിസിനസ് നടത്താനാണ് പോകുന്നതെന്നത് അംഗീകരിക്കാൻ കഴിയില്ല. ബിസിനസ് നടത്താനാണെങ്കിൽ ജനപ്രതിനിധിയായി തുടരേണ്ടതില്ല. രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു.
സഭയിലെത്തിയത് അഞ്ച് ദിവസം മാത്രം
പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് സമ്മേളിച്ചത്. ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസം മാത്രമാണ് അൻവർ നിയമസഭയിൽ എത്തിയത്. രണ്ടാം സമ്മേളനത്തിൽ പൂർണമായും പങ്കെടുത്തില്ല. മൂന്നാം സമ്മേളനം മൂന്ന് ദിവസം പിന്നിട്ടപ്പോഴും അൻവർ സഭയിൽ എത്തിയിട്ടില്ല.
സഭയിൽ ഹാജരാകാതിരിക്കാൻ അവധി അപേക്ഷയും നൽകിയിട്ടില്ല. സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവിൽ സപ്ലൈസും സഹകരണവും സംബന്ധിച്ച സമിതി തുടങ്ങിയവയിൽ പി.വി അൻവർ അംഗമാണ്. സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി രണ്ടു യോഗവും മറ്റു സമിതികൾ മൂന്നു യോഗങ്ങൾ വീതവും ചേർന്നു. ഈ സമിതി യോഗങ്ങളിലൊന്നും എംഎൽഎ പങ്കെടുത്തില്ല. ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്താണ് എന്നതാണ് അൻവർ നൽകുന്ന വിശദീകരണം.
Also read: അസംബ്ലിയില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ ഈ പണിക്ക് വരരുത്'; പിവി അന്‍വറിനെതിരെ കെ മുരളീധരന്‍