തിരുവനന്തപുരം : കേരളത്തിൻ്റെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നവർക്ക് സിൽവർ ലൈൻ അതിവേഗ റെയില്‍ പാതാ പദ്ധതിക്ക് തടസം നില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് നാശം വരുത്തുമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നും എം.കെ മുനീർ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
'നഷ്‌ടപരിഹാരം നല്‍കും'
വീടും ഭൂമിയും നഷ്‌ടമാകുന്നവർക്ക് നഗര പ്രദേശങ്ങളിൽ 2 ഇരട്ടിയും ഗ്രാമപ്രദേശങ്ങളിൽ 4 ഇരട്ടിയും തുക നഷ്‌ടപരിഹാരം നൽകിയാകും പദ്ധതിക്കായി ഭൂമിയേറ്റെടുക്കുക. കെ റെയില്‍ പദ്ധതിയിൽ സർക്കാരിന് സുതാര്യമായ നിലപാടാണ്. എല്ലാ നടപടികളും പാലിച്ച് നഷ്‌ടപരിഹാരം നൽകിയ ശേഷമാകും ഭൂമി ഏറ്റെടുക്കുക. പ്രതിപക്ഷം നാടിന്‍റെ വികസനത്തെ പിന്നോട്ട് നയിക്കരുതെന്നും അനാവശ്യ ആശങ്ക സൃഷ്‌ടിയ്ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'നിങ്ങള്‍ കൊയ്യും വയലെല്ലാം ജൈക്ക കൊണ്ടുപോകും'
വികസനത്തെ തുരങ്കം വയ്ക്കുന്നവർ ആണ് പ്രതിപക്ഷം എന്ന പരാമർശം ശരിയല്ലെന്ന് അവതരണാനുമതി തേടിയ എം.കെ മുനീർ വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക അറിയിക്കാനാണ് ശ്രമിച്ചത്. നിങ്ങള്‍ കൊയ്യും വയലെല്ലാം ജപ്പാനിലെ ജൈക്ക കൊണ്ടുപോകും എന്നായി കേരളത്തിലെ പുതിയ മുദ്രാവാക്യം.
നിലവിൽ പ്രളയ സാധ്യതയുള്ള കേരളത്തിൽ ഇത്തരം വമ്പൻ നിർമാണം അപകടകരമാണ്. എക്‌സ്‌പ്രസ് ഹൈവേ എന്ന നിർദേശത്തെ ജനങ്ങൾ എതിർത്തപ്പോള്‍ പിൻവലിക്കുകയാണ് അന്നത്തെ സർക്കാർ ചെയ്‌തതെന്നും മുനീർ പറഞ്ഞു.
പദ്ധതിയുടെ ഗുണങ്ങളും ലഭിച്ച അനുമതികളും പഠനങ്ങളും വിശദീകരിച്ച മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ലെന്ന് പറഞ്ഞു. ആരാധനാലയങ്ങളും കാടുകളും തോടുകളുമടക്കം ഒഴിവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 9314 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുന്നത്.
'വികസനത്തിന്‍റെ പേരില്‍ ബുൾഡോസിങ്ങ്'
സംസ്ഥാനത്തിന്‍റെ ഭൂമിശാസ്ത്രം പ്രത്യേകം പരിശോധിക്കാത്ത ബുൾഡോസിങ്ങാണ് പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഒരു കാലത്തും ലാഭകരമായ പദ്ധതിയല്ല സിൽവർ ലൈൻ. പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങളുടെ എണ്ണം ഏരിയൽ സർവേ നടത്തിയാണ് തയാറാക്കിയിരിക്കുന്നത്. ഇത് തെറ്റാണ്. 20000 കുടുംബങ്ങളെങ്കിലും കുടിയിറങ്ങേണ്ടിവരും. കേരളത്തിന്‍റെ തെക്ക് വടക്ക് വൻമതിലാകും പദ്ധതിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പദ്ധതിയുടെ ഡിപിആർ പുറത്തുവിടണം, പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനം നടത്തണം, കേന്ദ്ര അനുമതി ലഭിച്ച ശേഷം മാത്രമേ സ്ഥലമേറ്റെടുക്കൽ നടത്താവൂ തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം മുന്നോട്ടുവച്ചു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ വിട്ടു.
Also read: കെ റെയിൽ പദ്ധതി : സാമൂഹികാഘാത പഠനം കൂടി നടത്തുമെന്ന് മുഖ്യമന്ത്രി