തിരുവനന്തപുരം: രൂപവ്യത്യാസം വരുത്തി നിർത്തിലിറക്കുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊട്ടാരക്കര വെണ്ടർ വിദ്യാധിരാജ ഹയർ സെക്കന്‍ററി സ്കൂളില്‍ ടൂറിസ്റ്റ് ബസ് ഉപയോഗിച്ച് നടന്ന അഭ്യാസപ്രകടനത്തെ തുടർന്നാണ് നടപടി. നിയമ ലംഘനം നടത്തുന്ന ബസുകൾ പിടിച്ചെടുക്കാൻ ഓപറേഷൻ തണ്ടറിന് രൂപം നൽകി. പിടിച്ചെടുക്കുന്ന ബസുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും നിർദേശം നൽകി. രൂപമാറ്റം വരുത്തിയ ബസുകൾ മോട്ടോർ വാഹന നിയമമനുശാസിക്കുന്ന രൂപത്തിലേക്ക് മാറ്റിയാൽ മാത്രമേ പുനർരജിസ്ട്രേഷന് അനുമതി നൽകുകയുള്ളൂവെന്നും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു.
വാഹനങ്ങളിൽ വ്യാപകമായി രൂപമാറ്റം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്. നേരത്തെ ഇത്തരം വാഹനങ്ങൾ പിടിക്കപ്പെട്ടാൽ പിഴ ഒടുക്കി വിടുന്ന രീതിയായിരുന്നു. എന്നാൽ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. വാഹനങ്ങളിൽ ലേസർ ലൈറ്റുകൾ, പരിമിതിയിൽ അധികം ശബ്ദം പുറപ്പെടുവിക്കുന്ന സൗണ്ട് സിസ്റ്റം, സീറ്റുകളുടെ രൂപമാറ്റം എന്നിങ്ങനെയാണ് സാധാരണയായി കാണപ്പെടുന്നത്. എന്നാൽ അപകടകരമായ രീതിയിൽ ഫ്ലോറ്റുകളിൽ ഗ്ലാസ് ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം വാഹനങ്ങളുടെ ലൈസൻസും, ഫിറ്റ്നസും റദ്ദാക്കുമെന്നും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.
അതിർത്തികളിലും പരിശോധന ശക്തമാക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ നോഡൽ ഓഫീസർമാരുടെ പ്രവർത്തനം ശക്തമാക്കാനും നിർദേശമുണ്ട്. ഇതിനായി സ്കൂളുകളിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.