തിരുവനന്തപുരം: രാസവസ്തുക്കൾ ചേർത്ത മത്സ്യ വില്പന തടയുന്നതിനായി ഓപ്പറേഷൻ 'സാഗർ റാണി' കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് പരിശോധന കൂടാതെ ചെക്ക് പോസ്റ്റുകൾ വഴി കേടായ മത്സ്യം രാസവസ്തുക്കൾ ചേർത്ത് സംസ്ഥാനത്ത് എത്തുന്നതായി എം.എല്‍.എ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും രാസവസ്തുക്കൾ ചേർത്തതും പഴകിയതുമായ മത്സ്യം പിടിച്ചെടുക്കുന്നതിനുള്ള ഓപ്പറേഷൻ 'സാഗർ റാണി' അകാല ചരമം പ്രാപിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഫോർമാലിൻ, അമോണിയ, സോഡിയം ബെൻസോയിറ്റ് എന്നീ രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഓപ്പറേഷൻ 'സാഗർ റാണി' കൊണ്ടുവന്നതെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. ഇത്തരം മത്സ്യങ്ങൾ വില്‍പ്പന നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ബോധവല്‍കരണം നൽകുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഇത്തരം മത്സ്യങ്ങള്‍ പിടിച്ചെടുത്ത് അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കാറുണ്ടെന്നും മന്ത്രി മറുപടി നൽകി.