തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ ഓരോ കാര്യങ്ങളും പുറത്ത് വരുമ്പോൾ സംശയം വർധിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ഇത് പരിഹരിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ഒരു അന്താരാഷ്ട്ര കരാറിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട ഒരു നടപടി ക്രമവും പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയുടെ ബിസിനസ് ഓഫ് റൂൾ പ്രകാരം ഏത് കരാറും തയ്യാറാക്കേണ്ടത് നിയമ വകുപ്പാണ്. കരാറിന് മന്ത്രിസഭയുടെ അംഗീകാരം ഉൾപ്പെടെ വേണം. എന്നാൽ ഇതൊന്നും പാലിച്ചില്ല. സംസ്ഥാനത്തിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥയും കരാറിൽ ഇല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മറ്റൊരു രാജ്യത്തിന്‍റെ നിയമം അനുസരിച്ച് കരാർ ഉണ്ടാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടികൾ കൂടുതൽ സംശയം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു