തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഓണം ബമ്പറിലൂടെ 25 കോടി നേടിയ അനൂപ് ലോട്ടറി അടിച്ചതിന്‍റെ പേരില്‍ ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. സഹായം ചോദിച്ച് വീട്ടിലെത്തുന്നവരുടെ ശല്യം സഹിക്കാതായതോടെ തനിക്ക് ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ അനൂപ് പറയുന്നത്.
അയല്‍ക്കാരുടെ കൂടി ശല്യം സഹിക്കാൻ കഴിയാത്തതോടെ വീടുമാറി പോകേണ്ട അവസ്ഥയിലാണെന്നും അനൂപ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
അനൂപ് പറയുന്നത് ഇങ്ങനെ: ലോട്ടറി അടിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരിടത്തും പോകാന്‍ കഴിയുന്നില്ല. പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇപ്പോള്‍ കുട്ടിക്ക് സുഖമില്ലെന്ന് വിളിച്ചു പറഞ്ഞതു കൊണ്ട് വീട്ടിലെത്തിയതാണ്. ചേച്ചിയുടെ വീട്ടിലുള്‍പ്പെടെ മാറി മാറിയാണ് താന്‍ ഇപ്പോള്‍ താമസിക്കുന്നത്.
രാവിലെ മുതല്‍ എനിക്കെന്തങ്കിലും താ മോനെ എന്നു പറഞ്ഞ് സഹായം ചോദിച്ച് നിരവധി പേരാണ് വീട്ടിലെത്തുന്നത്. അവരോട് തനിക്ക് ഒന്നേ പറയാനുള്ളൂ എനിക്ക് ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ സന്തോഷിച്ചെങ്കിലും ഇത്ര ബുദ്ധിമുട്ടാകുമെന്ന് കരുതിയില്ല.
പൈസ കിട്ടിയിട്ടില്ല, കിട്ടിയാലും ടാക്‌സ് സംബന്ധിച്ച കാര്യങ്ങളൊന്നും എനിക്കറിയില്ല. അതു കൊണ്ട് രണ്ടു വര്‍ഷത്തേക്ക് പണം അക്കൗണ്ടില്‍ തന്നെ ഇടാനാണ് ഉദ്ദേശിക്കുന്നത്. സ്വന്തം വീട്ടില്‍ കയറാന്‍ കഴിയാത്തതിനാല്‍ വീടുമാറിപ്പോകേണ്ട അവസ്ഥയിലാണ്.
കോടീശ്വരനെന്ന് പറഞ്ഞിട്ട് കാര്യമില്ല, വീട്ടില്‍ വരാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഒന്നാം സമ്മാനം അടിക്കേണ്ടിയിരുന്നില്ല, മൂന്നാം സമ്മാനമോ മറ്റോ അടിച്ചാല്‍ മതിയായിരുന്നു, അനൂപ് പറയുന്നു.