തിരുവനന്തപുരം: ഒമിക്രോണ്‍ പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൊവിഡ് രോഗികള്‍ കൂടുതലുള്ള ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശം. പരമാവധി സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിനായി ഇന്ത്യന്‍ സോഴ്‌സ് കോവ്-2 ജിനോ മിക്‌സ് കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട ലാബുകളിലേക്ക് അയക്കാനും നിര്‍ദേശമുണ്ട്.
സംസ്ഥാന ആരോഗ്യ സെക്രട്ടറി, എന്‍.എച്ച്. എം ഡയറക്ടര്‍ എന്നിവരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് മറ്റു ജില്ലകളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കൂടുതലുള്ളതായി വിലയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി രോഗികളുടെ എണ്ണം 700ന് മുകളിലാണ്.
റെംഡിസീവര്‍ മരുന്നുകൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രം
57 ശതമാനത്തിലധികം പുതിയ രോഗികള്‍ മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചികിത്സയ്ക്കാവശ്യമായ റെംഡിസീവര്‍ അടക്കമുള്ള എട്ടു മരുന്നുകള്‍ ഈ സംസ്ഥാനങ്ങളില്‍ സ്‌റ്റോക്കുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
രോഗമുക്തരായവരില്‍ എത്രപേര്‍ വീണ്ടും രോഗികളാകുന്നുവെന്നതിലും നിരീക്ഷണം വേണം. വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ ജില്ലാ തലങ്ങളില്‍ നിരീക്ഷിക്കണമെന്ന നിര്‍ദേശവും കേന്ദ്ര ആരോഗ്യമന്ത്രാലയും മുന്നോട്ടു വച്ചിട്ടുണ്ട്.
പനി, ശ്വാസതടസം എന്നിവയുള്ളവരെ നിരീക്ഷിക്കണം
തണുപ്പു കാലമായതിനാല്‍ പനി, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇതിനായി ജില്ലാ തലത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം. അതേസമയം മുന്‍ ആഴ്‌ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
READ MORE: ക്രിസ്‌മസ് വിപണിയിൽ പഴമയുടെ 'നക്ഷത്ര'തിളക്കം