തിരുവനന്തപുരം: കൊവിഡ് കാലത്ത് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി കൊവിഡ് റിലീഫ് പെൻഷനൊരുക്കി നിംസ് മെഡിസിറ്റി. നിർധനരായ ഭിന്നശേഷി കുട്ടികളുടെ സൗജന്യ ചികിത്സയ്ക്ക് പുറമെയാണ് റിലീഫ് പെൻഷൻ പദ്ധതി.
കൊവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറെ പരിചരണം ആവശ്യമുള്ള ഒരു വിഭാഗമാണ് ഭിന്നശേഷി കുട്ടികൾ. ഇവരുടെ കുടുംബങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിംസ് മെഡിസിറ്റി കൊവിഡ് റിലീഫ് പെൻഷൻ പദ്ധതിക്ക് തുടക്കം കുറച്ചത്.
നെയ്യാറ്റിൻകര നഗരസഭാ പരിധിക്ക് പുറമെ കൊല്ലയിൽ, കോട്ടുകാൽ, ബാലരാമപുരം, അതിയന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 18 വയസിന് താഴെയുള്ള ഭിന്നശേഷി കുട്ടികളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇത്തരത്തിൽ 257 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ പെൻഷൻ നൽകുന്നത്.
കൊവിഡ് കാലം കഴിയുന്നത് വരെ ഈ പദ്ധതിയിലൂടെ നിശ്ചിത തുക ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്ക് പഞ്ചായത്ത് പ്രതിനിധികൾ വഴി എത്തിച്ച് നൽകും. കൊവിഡ് റിലീഫ് എയ്‌ഡിന്‍റെ ആദ്യഗഡു നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി അംഗണത്തില്‍ വെച്ച് നടന്ന ചടങ്ങിൽ നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.ഫൈസൽ ഖാൻ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ രാജമോഹനന് തുക കൈമാറി ഉദ്ഘാടനം ചെയ്‌തു.
Also read: കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്: അന്വേഷണത്തിലെ വീഴ്‌ച സമ്മതിച്ച് പൊലീസ്
പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്‌ളിൻ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബു, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോക്ടർ കെ.എസ് സജു, പഞ്ചായത്ത് പ്രസിഡണ്ടുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.