തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ കമ്മിഷനാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഹരിത ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന രാജ്‌കുമാറിനെ 2019 ജൂലൈ 21നാണ് പീരുമേട് സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിമരണമാണെന്ന ആരോപണത്തിൽ പൊലീസുകാരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു.
സംഭവത്തിൽ രാഷ്ട്രീയ സമ്മർദം ഉയർന്നതോടെ സർക്കാർ കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ ഇടപെടലിനെ തുടർന്ന് രാജ്‌കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി. ഹൃദ്രോഗിയായ രാജകുമാറിന് മർദനം മൂലമാണ് ന്യുമോണിയ ഉണ്ടായതെന്ന് റീപോസ്റ്റുമോർട്ടത്തിലൂടെ വ്യക്തമായി. തുടർന്ന് കേസിൽ നിർണായക കണ്ടെത്തലുകളാണ് ജുഡീഷ്യൽ കമ്മിഷൻ നടത്തിയത്.
ഒന്നര വർഷത്തിനിടെ രാജ്‌കുമാർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ച് വരുത്തി തെളിവെടുത്തു. അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച സംബന്ധിച്ച നിർണായക കണ്ടെത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.