തിരുവനന്തപുരം: നവനീതിന് ജൂലൈ നാലിന് രണ്ടാം പിറന്നാളായിരുന്നു. അവൻ പിച്ചവയ്ക്കുകയും കൊഞ്ചിക്കൊഞ്ചി സംസാരിക്കുകയും ചെയ്തു തുടങ്ങിയ ശേഷമുള്ള ആദ്യത്തെ പിറന്നാൾ.
സ്പൈനൽ മസ്കുലാർ അട്രോഫി രോഗബാധിതനായ നവനീത് മറ്റു കുട്ടികളെപ്പോലെ സംസാരിക്കുകയോ പിച്ച വയ്ക്കുകയോ കൈകൾ നിവർത്തുകയും പോലും ചെയ്തിരുന്നില്ല. ആയുസ് നീട്ടിക്കിട്ടാൻ വേണ്ടിയിരുന്നത് 18 കോടി വിലയുള്ള മരുന്ന്.
വിധിയുടെ ഇടപെടൽ പോലെ ആ മരുന്ന് നവനീതിനെ തേടിയെത്തി. കണ്ണൂരിലെ ഒന്നര വയസുകാരൻ മുഹമ്മദിന്‍റെ ജീവൻ രക്ഷിക്കാൻ 18 കോടി രൂപ വിലയുള്ള മരുന്നു വാങ്ങാൻ കേരളം കൈകോർത്തപ്പോഴാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗം ചർച്ചയായത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മരുന്നു സ്വീകരിച്ച നവനീതിന്‍റെ അവസ്ഥ മെച്ചപ്പെട്ടുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
തിരുവനന്തപുരം പരുത്തിപ്പാറ കെഎസ്ഇബി സബ് സ്റ്റേഷനിൽ അസിസ്റ്റന്‍റ് എൻജിനീയറായ സന്തോഷ് കുമാറിന്‍റെയും വിഎസ്എസ്‌സിയിൽ സീനിയർ അസിസ്റ്റന്‍റ് ആയ അനുശ്രീയുടെയും മകനാണ് നവനീത്.
മകന്‍റെ പരിചരണങ്ങൾക്കാവശ്യമായ വിധത്തിൽ ജീവിതത്തെ ഇവർ മാറ്റിയെടുത്തു. മരുന്ന് സ്വീകരിച്ച ശേഷം കുഞ്ഞിൻ്റെ ജീവിതത്തിലുണ്ടായ ചെറിയ മാറ്റങ്ങളെ വലിയ പ്രതീക്ഷകളായി സൂക്ഷിക്കുകയാണിവർ.
also read: കൈകോർത്ത് മലയാളി; മുഹമ്മദിനായി ഒഴുകിയെത്തിയത് 18 കോടി