തിരുവനന്തപുരം: അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്‌ണൻ സ്ഥാനം ഒഴിയുമ്പോൾ കണ്ണൂരില്‍ നിന്നുള്ള എംവി ഗോവിന്ദനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി പദം കണ്ണൂരിലേക്ക് വീണ്ടും പോകുമ്പോൾ ജില്ല മാത്രമല്ല പേരിലെ സാമ്യവും സെക്രട്ടറി പദത്തിലുണ്ട്.
1996 മുതല്‍ 1998 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദനും കണ്ണൂർ നാറാത്ത് നിന്നുള്ള നേതാവായിരുന്നു. കണ്ണൂർ ജില്ല സെക്രട്ടറിയായും ചടയൻ ഗോവിന്ദൻ പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂരിലേക്ക് പോകുന്ന സെക്രട്ടറി പദം: കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ ജനിച്ച സിഎച്ച് കണാരനാണ് സിപിഎമ്മിന്‍റെ കേരളത്തിലെ ആദ്യ സംസ്ഥാന സെക്രട്ടറി. അതിനു ശേഷം 1972ല്‍ കണ്ണൂരില്‍ നിന്നുള്ള ഇകെ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980 മുതല്‍ 1992 വരെ ആലപ്പുഴയില്‍ നിന്നുള്ള വിഎസ് അച്യുതാനന്ദനും 1992 മുതല്‍ 1996 വരെ വീണ്ടും ഇകെ നായനാരും അതിനു ശേഷം ചടയൻ ഗോവിന്ദനും സംസ്ഥാന സെക്രട്ടറിമാരായി.
ചടയൻ ഗോവിന്ദന്‍റെ മരണത്തെ തുടർന്ന് 1998ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയ പിണറായിയും അതിനു ശേഷം കോടിയേരി ബാലകൃഷ്‌ണനും കണ്ണൂരില്‍ നിന്നുള്ള നേതാക്കളാണ്. കോടിയേരി ചികിത്സയ്ക്കായി അവധിയില്‍ പോയപ്പോൾ (2020-21) എ വിജയരാഘവൻ (മലപ്പുറം ജില്ല) ആക്‌ടിങ് സെക്രട്ടറിയായും പ്രവർത്തിച്ചു.
തനി പാർട്ടി തനി സൈദ്ധാന്തികൻ: നിലവില്‍ തദ്ദേശം, എക്‌സൈസ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന എംവി ഗോവിന്ദൻ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ദേശാഭിമാനി ദിനപത്രത്തിന്‍റെ ചീഫ് എഡിറ്റുമായിരുന്നു. നിലവില്‍ സിപിഎമ്മിലെ സൈദ്ധാന്തിക വിഷയങ്ങളില്‍ തികഞ്ഞ അവഗാഹവും പാർട്ടി ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന നേതാവ് കൂടിയാണ് എംവി ഗോവിന്ദൻ.
ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്‍റും സംസ്ഥാന സെക്രട്ടറിയുമായി, യുവജന രാഷ്ട്രീയ നേതാവായി സംസ്ഥാന തലത്തില്‍ അറിയപ്പെട്ടു. 1991ല്‍ കോഴിക്കോട് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗമായി. 2006ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. 2002-06 കാലയളവില്‍ കണ്ണൂർ ജില്ല സെക്രട്ടറിയായി. എറണാകുളം സിപിഎം ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ ഇരിണാവ് യുപി സ്‌കൂളില്‍ ഫിസിക്കല്‍ എജ്യുക്കേഷൻ അധ്യാപകനായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിന്‍റെ ഭാഗമായി അധ്യാപക വൃത്തി രാജിവെച്ചു. കണ്ണൂർ ജില്ലയിലെ മൊറാഴ സ്വദേശിയാണ്.
Read more: നിര്‍ണായക മാറ്റത്തിനൊരുങ്ങി സിപിഎം, കോടിയേരി ബാലകൃഷ്‌ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഓഴിയും