തിരുവനന്തപുരം: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.മുസ്‌ലിം ലീഗ് പോലൊരു പാർട്ടിയിൽ നിന്ന് സ്‌ത്രീവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. ആലങ്കാരികമായി സ്‌ത്രീകൾക്ക് പദവി നൽകുന്നതാണ് ലീഗിന്‍റെ സമീപനം. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ശക്തിപ്പെടുമ്പോഴാണ് സ്‌ത്രീവിരുദ്ധത ശക്തമാകുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.
കെ ടി ജലീലിന് സിപിഎം പിന്തുണ നൽകുന്നില്ല എന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ്. മുസ്‌ലിം ലീഗിന്‍റെ രാഷ്ട്രീയ നിലപാടുകളെ എന്നും എതിർക്കുന്ന പാർട്ടിയാണ് സിപിഎം. ഇഡിയോടുള്ള നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.
'ഹരിത' സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
എംഎസ്എഫിലെ വനിത വിഭാഗമായ 'ഹരിത' സംസ്ഥാന കമ്മിറ്റി ബുധനാഴ്‌ചയാണ് പിരിച്ചുവിട്ടത്. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 'ഹരിത' നേതാക്കള്‍ കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്നായിരുന്നു മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ വാദം.
നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കൂട്ടിച്ചേർത്തു. അതേസമയം പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ഹരിത നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
READ MORE: 'അപമാനിക്കുന്നവരോട് സന്ധിയില്ല'; പൊരുതുമെന്ന് 'ഹരിത'