തിരുവനന്തപുരം: സ്പ്രിംഗ്ലർ കമ്പനിയുമായുള്ള കേരള സർക്കാരിന്‍റെ ഡാറ്റ കച്ചവടത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സാങ്കേതിക വിദ്യയുടെ കുത്തക്ക് എതിരെ ശക്തമായ നിലപാടാണ് പോളിറ്റ് ബ്യൂറോ മുൻകാലങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്.
ഡാറ്റാ ദുരുപയോഗം ചെയ്ത് വിവാദത്തിലായ കേംബ്രിഡ്ജ് അനലിസ്റ്റിക് എന്ന ബ്രിട്ടീഷ് കമ്പനിക്കെതിരെ 2018 മാര്‍ച്ച് 24ന് അതിശക്തമായ നിലപാടെടുക്കുകയും പ്രസ്താവനയിറക്കുകയും ചെയ്ത പാർട്ടിയാണ് സി.പി.എം. ഡാറ്റാ ചൂഷണത്തിനെതിരെ സി.പി.എം ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ നിന്നുള്ള മറ്റു മൂന്ന് പി.ബി അംഗങ്ങളും ആ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നത് ചരിത്ര വിരോധാഭാസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഡാറ്റാ കച്ചവടത്തിന് വഴിയൊരുക്കി കൊവിഡ് രോഗികളുടെയും, നീരീക്ഷണത്തിനുള്ളവരുടെയും വിശദവിരങ്ങള്‍ ശേഖരിക്കാന്‍ സ്പ്രിംഗ്ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കുകയാണ് ചെയ്തതെന്നും മുല്ലപ്പള്ളി ആരോപിച്ചു.