തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സ്ഥിതി സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിരീക്ഷണം നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മൂന്നാം തരംഗത്തെ ശാസ്ത്രീയമായാണ് കേരളം സമീപിച്ചത്. കേന്ദ്ര നിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പരിശോധന ഏറ്റവും കൂടുതൽ നടന്നത് കേരളത്തിലാണ്. അതിനാല്‍ രോഗികളെ വേഗത്തിൽ കണ്ടെത്താൻ കഴിഞ്ഞു. ഇതാണ് ടിപിആർ കൂടാൻ കാരണം. ഇത് വച്ച് വിമർശിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചു
മരണങ്ങൾ കേന്ദ്ര മാർഗനിർദേശം അനുസരിച്ച് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സുപ്രീം കോടതി നിർദേശമനുസരിച്ച് മാർഗനിർദേശത്തിൽ മാറ്റം വരുത്തിയപ്പോൾ കേരളത്തിൽ മരണ സംഖ്യ വർധിച്ചു. ഇത് സുതാര്യമായി കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ്. പോർട്ടൽ രൂപീകരിച്ചുള്ള കേരളത്തിൻ്റെ പ്രവർത്തനത്തെ സുപ്രീം കോടതി തന്നെ അഭിനന്ദിച്ചിട്ടുണ്ട്.
എത്ര സംസ്ഥാനങ്ങളിൽ ഇതുമൂലം മരണ നിരക്ക് കൂടിയെന്ന് പരിശോധിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ച യോഗത്തിൽ മുഴുവൻ വിവരവും പരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും മറച്ചുവയ്ക്കാനില്ലാത്തത് കൊണ്ടാണ് കേരളം ഈ നിലപാട് സ്വീകരിച്ചത്.
ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാകാം കേരളത്തെ വിമർശിക്കുന്നത്. ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞു
സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്. ജനുവരിയിലെ ഉയർന്ന വ്യാപന നിരക്ക് ഫെബ്രുവരിയുടെ ആദ്യ ആഴ്‌ചയില്‍ തന്നെ കുറഞ്ഞിട്ടുണ്ട്. ഇത് മൂന്നാം തരംഗത്തിൻ്റെ തീവ്രത കുറഞ്ഞെന്ന സൂചനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഒന്നും രണ്ടും തരംഗത്തേക്കാള്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം മൂന്നാം തരംഗത്തിൽ വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. ആകെ രോഗികളുടെ 3.2 ശതമാനം മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
Also read: രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം ക്വാറന്‍റൈന്‍ ; പ്രവാസികള്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ്