തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകുകയാണ് പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പട്ടം ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളില്‍ മാതൃഭാഷ ദിന പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി മലയാളം അക്ഷരമാല വീണ്ടും പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് മുതല്‍ സാധാരണനിലയിലേക്ക് മാറുകയാണ്. ഭൂരിപക്ഷം സ്‌കൂളുകളിലും വിദ്യാർഥികൾ എത്തി. ഈ ആഴ്‌ചയോടെ മുഴുവൻ വിദ്യാർഥികളും സ്‌കൂളിലെത്തും. സംസ്ഥാനത്തെ സ്‌കൂളുകളിൽ എത്തിയ വിദ്യാർഥികളുടെ ഔദ്യോഗിക കണക്കുകൾ വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
Also read: വഴിയിലൂടെ നടക്കാനും വേണം ഹെല്‍മറ്റ്; കാക്കകളെക്കൊണ്ട് പൊറുതിമുട്ടി ഒരു ഗ്രാമം
വിമർശനത്തേക്കാൾ കൂടുതൽ സ്‌കൂള്‍ തുറക്കണമെന്ന ആവശ്യമാണ് രക്ഷകർത്താക്കളും അറിയിച്ചത്. സ്‌കൂളുകള്‍ പൂർണമായും തുറന്ന് പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ അധ്യാപകരും വിദ്യാര്‍ഥികളും സന്തോഷം പ്രകടിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകൾ പൂർണതോതിൽ തുറക്കുന്നത് സംബന്ധിച്ച സജ്ജീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ് നേരത്തേതന്നെ ഒരുക്കിയിരുന്നു. പൊതു വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നത്.