തിരുവനന്തപുരം: മലയാളം പാഠപുസ്‌തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ ഇക്കാര്യം തീരുമാനിക്കുകയും അറിയിക്കുകയും ചെയ്‌തതാണ്. 2022–23 അധ്യയന വർഷം വിദ്യാർഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്‌തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞു.
കെപിബിഎസിലാണ് പുസ്‌തകങ്ങള്‍ അച്ചടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ പാഠപുസ്‌തകങ്ങളിൽ അക്ഷരമാല പുനഃസ്ഥാപിക്കണമെന്നും അക്ഷരബോധനം പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ, പ്രൊഫ. എം.കെ സാനു, സാറാ ജോസഫ്, സക്കറിയ, പ്രൊഫ. എം.എൻ കാരശ്ശേരി, പ്രൊഫ. കെ.ജി ശങ്കരപ്പിള്ള, ഡോ. ദേശമംഗലം രാമകൃഷ്‌ണന്‍, വി.കെ ശ്രീരാമൻ, ജയരാജ് വാരിയർ, കുരീപ്പുഴ ശ്രീകുമാർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തുടങ്ങിയവർ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Read more: പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കും : വി ശിവൻകുട്ടി
ഇപ്പോൾ ഈ പ്രസ്‌താവന എങ്ങനെ വന്നു എന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞെങ്കിലും പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങള്‍ ലഭ്യമാകാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരും എന്നതിനാല്‍ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തി അച്ചടി പൂര്‍ത്തിയാക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിക്കുകയായിരുന്നു.