തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇന്ത്യൻ സേനയിൽ നാല് വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്താൻ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്നത് തെറ്റിദ്ധരിക്കപ്പെട്ട യുവാക്കളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സമരത്തിൽ നിന്നും ചെറുപ്പക്കാർ പിന്മാറണം. യുവാക്കളുടെ ഭാവി സംരക്ഷിക്കുന്ന സർക്കാരാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ (18.06.2022) തിരുവനന്തപുരത്ത് നടന്നത് അഗ്നിപഥിനെതിരായ സമരമല്ല. എഴുത്ത് പരീക്ഷ നടത്താത്തതിലുള്ള പ്രതിഷേധമാണ് യുവാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായത്. എഴുത്ത് പരീക്ഷ സംബന്ധിച്ച്, ഉദ്യോഗാർഥികളുടേത് ന്യായമായ ആശങ്കയാണ്. മുൻ സൈനിക ഉദ്യോഗസ്ഥരടക്കം പദ്ധതിയുടെ ഗുണവശം പങ്കുവെച്ചു എന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സൈന്യത്തിന്‍റെയും സേനാവിഭാഗങ്ങളുടെയും സേനയുമായി ബന്ധപ്പെട്ട ആളുകളുമായും വിശദമായ ചർച്ച നടത്തിയ ശേഷമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകരാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. സൈന്യത്തിന്‍റെ റിക്രൂട്ട്‌മെന്‍റ് മുഴുവൻ ഇനി മുതൽ നാല് വർഷത്തേക്ക് പരിമിതപ്പെടുന്നുവെന്ന ആശങ്ക തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.
അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിന്‍റെ ഭാഗമാകുന്ന ഇരുപത്തിയഞ്ച് ശതമാനം പേരെ ദീർഘകാലത്തേക്ക് സൈന്യത്തിന്‍റെ ഭാഗമാക്കും. ബാക്കിയുളളവർക്ക് തുടർ വിദ്യാഭ്യാസത്തിന് പ്രയോജനപ്പെടുന്ന വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് നൽകും. തൊഴിലവസരങ്ങളിൽ പ്രാധാന്യം നൽകും. സൈനിക ക്ഷേമം, തൊഴിലവസരങ്ങൾ എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത സർക്കാരാണ് കേന്ദ്രസർക്കാർ എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.