തിരുവനന്തപുരം : 'ഏകാന്തം' എന്ന സിനിമയ്ക്കു വേണ്ടി 'കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം' എന്ന് കൈതപ്രം ദാമേദരന്‍ നമ്പൂതിരി കുറിച്ചപ്പോള്‍ ഈണമിട്ടത് സഹോദരന്‍ കൈതപ്രം വിശ്വനാഥന്‍ ആയിരുന്നു. സ്വയം മറന്ന് കുട്ടിക്കാലത്തേക്ക് മലയാളികളെ മടക്കിവിട്ടു വിശ്വനാഥന്‍റെ ഈണം.
സുന്ദരവും ഹ്രസ്വവുമായ ബാല്യത്തിന്‍റെ മനോഹാരിതയും നഷ്‌ടവും തികട്ടിവരുന്ന കുറച്ചു പാട്ടുകള്‍. പാട്ടിന്‍റെ വരികള്‍ പോലെ കേട്ടതെല്ലാം കാതില്‍ തങ്ങുന്ന ഈണമായിരുന്നു വിശ്വനാഥന്‍റെ പ്രത്യേകത. 'മധ്യവേനല്‍' എന്ന ചിത്രത്തിലെ 'സ്വന്തം സ്വന്തം ബാല്യത്തിലൂടെ' എന്ന ഗാനത്തിലൂടെ വീണ്ടും ഈ മാന്ത്രികത ഇരുവരും ആവര്‍ത്തിച്ചു.
'കണ്ണകി', 'തിളക്കം', 'സൗമ്യം' തുടങ്ങീ 2020 ലെ 'ലൗ എഫ് എം' വരെ അനുജന് വേണ്ടി ഏട്ടന്‍ കൈതപ്രം എഴുതിയത് 68 പാട്ടുകള്‍.
'കണ്ണകി'യിലെയും 'തിളക്കത്തി'ലെയും പാട്ടുകളാണ് മലയാളക്കരയാകെ പാടി നടന്നത്. ദിലീപ് സൂപ്പര്‍സ്‌റ്റാര്‍ പദവിയിലേക്കുയര്‍ന്ന കാലഘട്ടത്തില്‍ പുറത്തുവന്ന 'തിളക്ക'ത്തിലെ 'എനിക്കൊരു പെണ്ണുണ്ട്', 'നീയൊരു പുഴയായ്' തുടങ്ങിയ മെലഡികള്‍ കൈതപ്രം വിശ്വനാഥന് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി.
മെലഡിയും നര്‍മവും ചേര്‍ന്ന 'സാറേ സാറെ സാമ്പാറെ' എന്ന ഗാനം സൂപ്പര്‍ഹിറ്റായി. ഈ ചിത്രത്തില്‍ തന്നെ കാപ്പി രാഗത്തിലെ പ്രശസ്‌തമായ 'എന്ന തവം ചെയ്‌വനേ' എന്ന കീര്‍ത്തനം വിശ്വനാഥന്‍ ഉള്‍പ്പെടുത്തി.
സംവിധായകന്‍ ജയരാജ് സംഗീത പ്രധാനമായ ചിത്രങ്ങളള്‍ ചെയ്യുന്ന കാലത്താണ് 'കണ്ണകി'യും 'തിളക്ക'വും പിറന്നത്. 'കണ്ണകി'യിലെ ഇനിയൊരു ജന്മമുണ്ടെങ്കില്‍ എന്ന ഗാനം വിരഹാര്‍ദ്രമായ ഏതു പ്രണയ സങ്കല്‍പ്പത്തിന്‍റെയും കൂടെ ചേര്‍ത്താണ് മലയാളി വായിക്കുക.
2000 ത്തിന്‍റെ തുടക്കത്തില്‍ സിനിമയിലെത്തി 30 ഓളം സിനിമകള്‍ക്ക് മാത്രം ഈണമിട്ട കൈതപ്രം വിശ്വനാഥന്‍ ഒരുക്കിയത് നൂറോളം ഗാനങ്ങള്‍ മാത്രം. ഇവയില്‍ പലതും മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും മറക്കാനാവില്ല. ഹിറ്റുകളുടെ എണ്ണമല്ല, ഏതു കാലത്തും ആസ്വാദ്യമാകുന്ന ഗാനങ്ങളൊരുക്കുന്ന സൃഷ്‌ടിവൈഭമാണ് കലാകാരനെ അനശ്വരനാക്കുന്നത്.
Also Read : Kaithapram Viswanathan : കൈതപ്രം വിശ്വനാഥൻ അന്തരിച്ചു