തിരുവനന്തപുരം : കർഷകസമര വിജയം ഫാസിസ്റ്റ് സർക്കാരിനെതിരായ ജയമെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധ പട്‌കർ. കർഷക മത്സ്യത്തൊഴിലാളി സംയുക്ത സമിതിക്കൊപ്പം സമരവിജയം തിരുവനന്തപുരത്ത് ആഘോഷിക്കുകയായിരുന്നു അവര്‍.
രക്തസാക്ഷിത്വം വരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിക്കാത്ത നരേന്ദ്ര മോദിക്ക് ഒടുവിൽ കർഷകരോടും രാജ്യത്തോടും മാപ്പുപറയേണ്ടി വന്നു. ജനം ബിജെപിക്ക് എതിരാണെന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ വ്യക്തമായത് മനസിലാക്കിയാണ് കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായത്.
കർഷകർ സമരം അവസാനിപ്പിച്ചിട്ടില്ല. നിർത്തിവയ്ക്കുക മാത്രമാണ് ചെയ്‌തത്. സർക്കാർ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കും. കർഷകർക്കെതിരെ കരിനിയമങ്ങൾ ഉപയോഗിച്ചെടുത്ത കേസുകൾ, രക്തസാക്ഷികളായ കർഷകർക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ പാർലമെന്‍റ് എന്ത് നടപടിയാണ് എടുക്കുന്നതെന്ന് വീക്ഷിക്കും.
ALSO READ: 'കർഷക പ്രതിഷേധം അവസാനിച്ചിട്ടില്ല'; നിര്‍ത്തിയത് താത്‌കാലികമെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി
ജനുവരി 15നുള്ള അവലോകനത്തിനുശേഷം തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും. കോർപ്പറേറ്റുകളുടെ കാർഷിക മേഖലയിലേക്കുള്ള പ്രവേശനം തടയാൻ കർഷക സമരത്തിന് സാധിച്ചു. പാർലമെന്‍റിൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറല്ലാത്ത സർക്കാരിനെ ജനങ്ങള്‍ രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തി മുട്ടുകുത്തിച്ചതായും മേധ പട്‌കർ കൂട്ടിച്ചേര്‍ത്തു.