തിരുവനന്തപുരം: വാഹനപരിശോധന നടത്തുന്ന പൊലീസിനെ കണ്ട് തിരിച്ച കാർ അപകടത്തിൽപ്പെട്ട് എംബിബിഎസ് വിദ്യാർഥി മരിച്ചു. കൊല്ലം വടക്കുഭാഗത്ത് മഞ്ചേരിയിൽ തുഹിൻ ജയരാജാണ് (27) മരിച്ചത്. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിയായിരുന്നു. കാറിൽ കൂടെയുണ്ടായിരുന്ന സഹപാഠി ബാലരാമപുരം കട്ടച്ചൽ കുഴിയിൽ സ്വദേശി ബെന്നി ജസ്റ്റിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി നിലമാമൂടിന് സമീപം വാഹനപരിശോധന നടത്തുന്ന പൊലീസിനെ കണ്ട് തിരികെ പോകുന്നതിനിടയിലാണ് നിയന്ത്രണംവിട്ട കാർ തെങ്ങിൽ ഇടിച്ച് അപകടമുണ്ടായത്. ത്രേസ്യാപുരത്ത് വച്ചായിരുന്നു സംഭവം. തുടർന്ന് പൊലീസ് വാഹനത്തിൽ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തുഹിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.