തിരുവനന്തപുരം: പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം പുല്ലൻതേരി സ്വദേശി അക്ഷിക(19) കാരക്കോണം രാമവർമ്മൻചിറ സ്വദേശി അനു(22) എന്നിവരാണ് മരിച്ചത്. കാരക്കോണത്തിന് സമീപം സമീപം പുല്ലൻതേരിയിലാണ് സംഭവം.
ബ്യൂട്ടീഷൻ വിദ്യാർഥിയായ അക്ഷികയും അനുവും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് അകല്‍ച്ചയിലായ അക്ഷികയെ അനു ശല്യം ചെയ്യുന്നതിനെതിരെ ബന്ധുക്കൾ വെള്ളറട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ അക്ഷികയുടെ വീട്ടിലെത്തിയ അനു മുത്തച്ഛൻ ചെല്ലപ്പനെയും മുത്തശി ബേബിയെയും തള്ളി മാറ്റിയാണ് വീടിനുള്ളില്‍ കടന്നത്. മുറിക്കുള്ളിലേക്ക് ഓടിയ അക്ഷികയെ പിന്തുടർന്ന് കഴുത്തറുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്വയം കഴുത്തറത്തു. നിലവിളി കേട്ട് പരിസരവാസികൾ എത്തിയപ്പോള്‍ ഇരുവരും രക്തത്തിൽ കുളിച്ചു കിടന്നതാണ് കണ്ടത്.
ഇരുവരേയും കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അക്ഷിതയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്. അക്ഷികയുടെ വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി.