തിരുവനന്തപുരം: മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിൽ വിചാരണ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. മയക്കുമരുന്ന് കേസ് പ്രതിയെ സഹായിച്ചെന്നാണ് കേസ്. തൊണ്ടിയായി പിടിച്ച അടിവസ്‌ത്രം വെട്ടിച്ചെറുതാക്കി പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നതാണ് മന്ത്രിക്ക് എതിരെയുള്ള ആരോപണം.
ഗൂഢാലോചന, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നീ കുറ്റങ്ങളാണ് മന്ത്രിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിൻ്റെയും അനുബന്ധ രേഖകളുടെയും പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു. കേസിൽ 16 വർഷങ്ങള്‍ക്ക് മുമ്പാണ് ആന്‍റണി രാജുവിന് എതിരെ കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ 16 വർഷങ്ങള്‍ പൂർത്തിയായിട്ടും വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടി എടുത്തിട്ടില്ലെന്നാണ് ആക്ഷേപം. മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശ പൗരനെ കേസിൽ നിന്നും രക്ഷപ്പെടാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന കേസിൽ വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. അടിവസ്‌ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്‌ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്.
ഇയാളെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. ആന്‍റണി രാജുവിന്‍റെ സീനിയറായ അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശ പൗരന് വേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചു.
1994-ലാണ് വഞ്ചിയൂർ പൊലീസ് ഇത് സംബന്ധിച്ച് കേസെടുക്കുന്നത്. 28 വർഷം മുൻപാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 16 വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചു. അതിനു ശേഷം 22 തവണ കേസ് വിളിച്ചു. എന്നാൽ ഒരു തവണ പോലും ആൻ്റണി രാജു ഹാജരായില്ല.