തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില വർധിപ്പിക്കുമെന്ന ഇടിവി ഭാരത് വാർത്ത സ്ഥിരീകരിച്ച് ധനമന്ത്രി തോമസ് ഐസക്. ലോട്ടറി വില കൂട്ടുമെന്നും ഇല്ലെങ്കിൽ സമ്മാനത്തുക കുറയ്ക്കേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു. ഇതോടെ തൊഴിലാളികൾക്ക് കൊടുക്കേണ്ട കമ്മീഷനിൽ കുറവു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോട്ടറി വില്‍പനയില്‍ നിന്നുള്ള ലാഭം കുറക്കാൻ സർക്കാർ തയ്യാറല്ല. എന്നാൽ നേരിയ വില വർധനവാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു. ലോട്ടറി വില വർധിപ്പിക്കാനുള്ള തീരുമാനം സംബന്ധിച്ച് ഇടിവി ഭാരത് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.
തൊഴിലാളികളുടെ കമ്മീഷനിലോ സർക്കാർ ലാഭത്തിലോ സമ്മാന തുകയിലോ കുറവു വരാതിരിക്കാനാണ് ടിക്കറ്റ് വില വർധിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഒരാഴ്‌ചക്കുള്ളില്‍ തീരുമാനമുണ്ടാകും. മാർച്ച് ഒന്നിന് പുതിയ നികുതി നിലവിൽ വരും. അതിന് മുമ്പ് വില കൂട്ടിയാലേ ടിക്കറ്റിന്റെ ഘടന തയ്യാറാക്കാൻ കഴിയൂ. വില കൂട്ടുന്നത് സംബന്ധിച്ച് യൂണിയനുകളുമായി ചർച്ച നടത്തിയെന്നും ഒരു യൂണിയനൊഴിച്ച് മറ്റെല്ലാവരും അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും തോമസ് ഐസക് പറഞ്ഞു. എക്സൈസ് നികുതിയിൽ വർധനവ് ഉണ്ടാകില്ല. എക്സൈസ് വരുമാനം കൂട്ടാനാണ് പബ്ബുകളടക്കം ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി ഞെരുക്കത്തിലായതിനാൽ ചെലവുകളിൽ നിയന്ത്രണമേർപ്പെടുത്തും. എയ്‌ഡഡ് സ്കൂൾ മേഖലയിലെ നിയമനങ്ങൾ ധനകാര്യ വകുപ്പ് പരിശോധിക്കും. ജിഎസ്ടി വഴിയുള്ള വരുമാനം വർധിപ്പിക്കാൻ വാർഷിക റിട്ടേൺ പരിശോധിച്ച് നികുതി ചോർച്ച കണ്ടെത്തി തിരിച്ചുപിടിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.