തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പണം നൽകുവാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന്‍റേതാണെന്നും ഇതിൽ മുഖ്യന്ത്രിയോ മറ്റ് മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തിയെന്ന് എങ്ങനെ കണക്കാക്കാൻ കഴിയുമെന്നും ലോകായുക്‌ത ജസ്റ്റിസ് സിറിയക് ജോസഫ്. ആരോപണം തെളിയിക്കാൻ തക്കതായ രേഖകളോ കോടതി ഉത്തരവുകളോ ഉണ്ടോയെന്നും ലോകായുക്ത ആരാഞ്ഞു. പരാതിക്കാരൻ കാകദൃഷ്ടിയോടെ സംഭവങ്ങൾ കാണരുതെന്നും ലോകായുക്‌ത അഭിപ്രായപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യനിർവഹണത്തിന് ഇടയിലാണ് മരണപ്പെട്ടത്. അയാൾക്ക് നിർദേശിച്ചിട്ടുള്ള കർത്തൃവ്യം അയാൾ നിർവഹിച്ചു. ഒരു പൊലീസുകാരൻ തന്‍റെ ജോലി ചെയ്യുകയായിരുന്നു. ഇതിൽ തെറ്റുണ്ടോയെന്നും സിറിയക് ജോസഫ് പരാതിക്കാരനോട് ചോദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചട്ടം അനുസരിച്ച് മാത്രമാണ് തുക അനുവദിച്ചത്. സി.എം.ഡി.ആർ.എഫ് (cmdrf ) ചട്ടങ്ങളുടെ 1983 ശേഷമുള്ള ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ വ്യക്തിപരമായി അനുവദിക്കാം. മാത്രവുമല്ല മന്ത്രിസഭ തീരുമാനം അനുസരിച്ച് എത്ര വലിയ തുക വേണമെങ്കിലും അനുവദിക്കാം. കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്‌ട്രീയ പാർട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച വിഷയം കോടതി കേറ്റുന്നതെന്ന് അഡ്വക്കേറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി വാദിച്ചു.
ലോകായുക്ത നിയമ പ്രകാരം ആർക്കു വേണമെങ്കിലും പരാതി നൽകാം. പരാതി ശരിയോ തെറ്റോ എന്ന കണക്കിലെടുത്തുമാകില്ല ലോകായുക്ത പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് നൽകിയിരുന്നത്. വ്യക്തികൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ ലോകായുക്തയ്ക്ക് കഴിയും. എന്നാൽ ഒരു മന്ത്രി സഭയ്‌ക്കെതിരെ അന്വേഷണം നടത്തുവാനുള്ള അധികാരം ഉണ്ടോയെന്നും തുടക്ക സമയത്ത് സി.എം.ഡി.ആർ.എഫ് എന്നതിലെ ഡി-ഡെത്ത് (death)എന്നായിരുന്നു കണക്കാക്കിയിരുന്നത് എന്നും സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന കേസ് പരിഗണിക്കുന്നത് മാർച്ച് മൂന്നിലേക്ക് മാറ്റി.
ALSO READ: പ്രതിഷേധ ചിത്രങ്ങള്‍: തിരിച്ചടിയല്ല, പ്രതിരോധമാണ്: റഷ്യൻ അധിനിവേശത്തിനെതിരെ