തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പത്തൊമ്പതാം സമ്മേളനത്തിന് ചൂടോടെ തുടക്കം. പൊലീസിന്‍റെ തോക്കും തിരകളും കാണാതായ വിവാദമാണ് സമ്മേളനത്തിന്‍റെ ആദ്യ ദിനം ചൂടു പകർന്നത്. ചോദ്യോത്തരവേളയിലെ ആദ്യം ചോദ്യം തന്നെ ഭരണപക്ഷത്തിനു നേരെ 'തോക്കെടുക്കുന്നതായിരുന്നു'. തിരുവനന്തപുരം ആംഡ് പൊലിസ് ബറ്റാലിയനിൽ നിന്നും റൈഫിളുകളും വെടിയുണ്ടകളും കാണാതായത് സർക്കാരിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോയെന്ന് കെ.എം ഷാജി എംഎല്‍എ ചോദിച്ചു.
തുടർന്ന് മഞ്ഞളാംകുഴി അലിയുടെ ഊഴമായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് സി.ബി.ഐയ്ക്ക് വിടണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം.
എസ്.എ.പി ബറ്റാലിയനിലെ കാട്രിഡ്ജുകളിലെ കുറവു സംബന്ധിച്ചായിരുന്നു അടുത്ത ആക്രമണം. ലീഗ് എംഎല്‍എമാര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകി. പൊലീസിലെ തോക്കും തിരകളും കാണാതായതിലെ സി.എ.ജി കണ്ടെത്തലുകളും, സിംസ് പദ്ധതി ഗാലക്സോൺ കമ്പനിയ്ക്ക് നൽകിയതുമുൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷം ആഞ്ഞടിച്ചത്. മാർച്ച് 31 ന് മുൻപ് ബജറ്റ് പാസാക്കുന്നതിനായി 27 ദിവസം നീളുന്ന സമ്മേളനത്തിലുടനീളം ഭരണ-പ്രതിപക്ഷ യുദ്ധം തുടരാനാണ് സാധ്യത.