തിരുവനന്തപുരം: പൗരത്വ പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനോട് ക്ഷമിക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മാസം 30 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിലേക്കാണ് എല്ലാ കണ്ണുകളും. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കണമെന്ന നിയമമാണ് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എഴുതി നല്‍കുന്ന പ്രസംഗം അതേപടി വായിക്കുക എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍മാര്‍ നടത്തിവരുന്ന കീഴ്‌വഴക്കം. എന്നാല്‍ ഇത് പിന്തുടരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകില്ലെന്ന ഭയം സി.പി.എമ്മിനുണ്ട്.
പൗരത്വ നിയമ ഭേദഗതിയില്‍ ഇടതു മുന്നണി സര്ക്കാരിന്റെ എതിര്‍പ്പ് നയപ്രഖ്യാപനത്തില്‍ എഴുതിച്ചേര്‍ക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. എന്നാല്‍ സുപ്രീംകോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ സര്‍ക്കാരുമായി ഒത്തു തീര്‍പ്പിനുള്ളൂ എന്ന് ഗവര്‍ണര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും തന്റെ നിലപാട് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ സര്‍ക്കാരിന് അത് വലിയ നാണക്കേടാകും. ഇതിനെ പരസ്യമായി ഭരണപക്ഷ അംഗങ്ങള്‍ക്ക് സഭയില്‍ എതിര്‍ക്കാനുമാകില്ല. ചുരുക്കത്തില്‍ സര്‍ക്കാര്‍ തലവനായ ഗവര്‍ണര്‍ സര്ക്കാരിന്റെ നയം പ്രഖ്യാപിക്കുന്നതിനു പകരം സ്വന്തം നയം നിയമസഭയില്‍ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് സി.പി.എമ്മും ഇടതു മുന്നണിയും. ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ ലഭിച്ച അവസരമാകട്ടെ സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്ന അഭിപ്രായവും ഇടതു മുന്നണിയില്‍ ശക്തമാണ്.