തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുമുന്നണി തീരുമാനം. ജോസ് കെ മാണി രാജിവച്ച ഒഴിവിലേയ്ക്കാണ് രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേയ്ക്കുള്ള മുന്നണി മാറ്റത്തിന് പിന്നാലെയാണ് ജോസ് കെ മാണി രാജിവച്ചത്. ഈ സീറ്റാണ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചത്.
ഇത്തരത്തില്‍ രാജിവച്ച് മുന്നണി മാറുന്ന സീറ്റുകള്‍ അതേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നതാണ് ഇടതുമുന്നണിയിലെ പതിവ്. അതുകൊണ്ട് തന്നെ മുന്നണി യോഗത്തില്‍ മറ്റ് പാര്‍ട്ടികളൊന്നും സീറ്റിന് അവകാശവാദമുന്നയിച്ചില്ല. രാജ്യസഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ ധാരണയായിരുന്നു.
2024 ജൂലൈ വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭ സീറ്റിന്‍റെ കാലാവധി. ജോസ് കെ മാണി തന്നെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം മതിയെന്ന തീരുമാനം ജോസ് കെ മാണി എടുക്കുകയാണെങ്കില്‍ സ്റ്റീഫന്‍ ജോര്‍ജ് അടക്കമുള്ളവരെ പരിഗണിയ്ക്കും.
നിയമസഭ തെരഞ്ഞെടുപ്പിലടക്കം കേരള കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന ഇടതുമുന്നണി നല്‍കിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ രാജ്യസഭ സീറ്റ് കൂടി നല്‍കിയിരിയ്ക്കുന്നത്.
Also read: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുമുന്നണിയില്‍ ഏകദേശധാരണ